2009, ജൂൺ 17, ബുധനാഴ്‌ച

ബൈലക്സ്: പുതിയൊരു ചാറ്റിംഗ് സംസ്കാരം'സമയം കൊല്ലുന്ന കൊച്ചുവര്‍ത്തമാനങ്ങള്‍' എന്നതാണ് നെറ്റിലെ ചാറ്റിംഗിന്റെ വിവക്ഷ എന്നു കരുതുന്നവരാണ് നമ്മിലധികവും. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായി കൂട്ടായ ചർച്ചകളുടെയും ആശയങ്ങൾ പങ്കുവെക്കുന്നതിന്റെയും പുതിയ ചാറ്റിംഗ് സംസ്കാരമാണ് ബൈലക്സ് മെസഞ്ചർ മുന്നോട്ടു വെക്കുന്നത്. വ്യക്തിഗത ചാറ്റിംഗ് എന്നതിലുപരി കൂട്ടായ്മക്കുള്ള ഒരിടമായിട്ടാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ബൈല ക്സില്‍ നിർമിച്ച ചാറ്റ് റൂമുകളില്‍ വ്യത്യസ്തങ്ങളായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഒരോരുത്തരുടെയും അഭിരുചിക്കനുസരിച്ച് റൂമുകള്‍ തെരഞ്ഞെടുക്കാനാവും. രാഷ്ട്രീയ സംവാദങ്ങൾ, ക്വിസ് മൽസ‌രങ്ങൾ, ഫലിതം, കരോക്കെ ഗാനങ്ങൾ തുടങ്ങി മതപഠന ക്ലാസുകൾ വരെ ഈ ചാറ്റ് റൂമുകളില്‍ നടക്കുന്നു. കേരളത്തിലെ മിക്ക മത-രാഷ്ട്രീയ സംഘടനകളുടെ പേരിലും റൂമുകള്‍ സജീവമാണ്.
ചാറ്റ് റൂമിൽ ഒരാൾക്ക് മാത്രമേ ഒരുസമയത്ത് സംസാരിക്കാനാവൂ. ഈ സമയത്ത് മറ്റുള്ളവർ ശ്രോതാക്കളാവും. മൈക്ക് ആവശ്യമുള്ളവർക്ക് കൈ ഉയർത്താം. ആദ്യത്തെയാളുടെ ഊഴം കഴിഞ്ഞേ അടുത്തയാൾക്ക് സംസാരിക്കാനാവൂ. അതുകൊണ്ട് തന്നെ ക്യൂ കണിശമായി പാലിക്കപ്പെടും. ആരുടെയെങ്കിലും സംസാരം തടയാൻ ചാറ്റ് റൂം ഉടമക്ക് മാത്രമേ സാധ്യമാകൂ. സംസാരത്തിനിടയില്‍ മറ്റൊരാള്‍ക്ക് കയറി ഇടപെടാനാവില്ല. ഓരോചാറ്റ് റൂമിന്റെയും നിയന്ത്രണം അത് നിര്‍മിച്ച 'അഡ്മിനിസ്ട്രേറ്റര്‍'ക്കായിരിക്കും. റൂമിൽപ്രശ്നങ്ങളുണ്ടാക്കുന്നവരെ തടയാന്‍ അഡ്മിനിസ്‌ട്രേ‌റ്റ‌ർക്ക് സാധ്യമാകും. ഈ നിയന്ത്രണത്തിലൂടെ ചാറ്റ് റൂമിന്റെ അച്ചടക്കം ഉറപ്പുവരുത്താനാകുന്നു. ഉടമക്ക് തന്റെ റൂമിലുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേ‌റ്റ‌ർ പദവി കൈമാറാനാവും. പ്രഭാഷണങ്ങള്‍, ക്വിസ് പരിപാടികള്‍, വിജ്ഞാനം പകരുന്ന ഗെയമുകൾ എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ ബൈലക്സ് റൂമുകള്‍ വൈകുന്നേരങ്ങളില്‍ സജീവമാകും. ഈസമയത്ത് റൂം നിയന്ത്രിക്കാന്‍ ഒന്നിലധികം അഡ്മിനിസ്ട്രേറ്റര്‍മാരെ ഉടമകൾ നിയമിക്കാറുണ്ട്. മറ്റ് മെസഞ്ചറുകളെപ്പോലെ വെബ് ക്യാമറ ഉപയോഗിച്ചുള്ള ചാറ്റിനും ഇതിൽ സൌകര്യമുണ്ട്.

മറുനാടന്‍ മലയാളികളിൽ നല്ലൊരു വിഭാഗം ഇപ്പോൾ ബൈലക്സിന്റെ ഉപയോക്താക്കളാണ്. കളിക്കളം, പ്ലേ ആന്റ് വിൻ തുടങ്ങിയ റൂമുകളിലെ ക്വിസ് മല്‍സരങ്ങള്‍ വ്യത്യസ്തവും വിജ്ഞാനപ്രദവുമാണ്. തങ്ങളുടെ പ്രദേശത്തിന്റെ പേരിൽ റൂം തുടങ്ങി നാട്ടുവർത്തമാനം പറയുന്നവരും കുറവല്ല. ക്രിക്കറ്റ് മൽസരങ്ങള്‍ ലൈവായി നല്‍കുന്ന റൂമുകള്‍ ബൈലക്സിന്റെ മാത്രം പ്രത്യേകതയാണ്.
www.beyluxe.com എന്ന വെബ് സൈറ്റിലൂടെ മെസഞ്ചർ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാനാവും. തുടര്‍ന്ന് ഒരു യൂസർ ഐ.ഡി നിർമ്മിക്കുന്നതോടെ ചാറ്റിംഗ് തുടങ്ങാനാവും. ലോഗിൻ ചെയ്ത ശേഷം ലഭിക്കുന്ന പേജില്‍ നിന്ന് Action, JointRoom, Asia, India എന്നീ ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ മലയാളം റൂമുകള്‍ ലഭ്യമാകും. സ്വന്തമായി റൂമുകള്‍ നിര്‍മിക്കാനും ഇവിടെ സൌകര്യമുണ്ട്.


infomadhyamamത്തിനു വേണ്ടി എഴുതിയത്...